കഞ്ചാവ് നിരന്തരം ഉപയോഗിക്കുന്നതിന്റെ ആരോഗ്യകരമായ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍.
അഡിക്ഷന്‍ ബയോളജി എന്ന സയന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കഞ്ചാവിന്റെ പുതിയ ദോഷഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. മനുഷ്യശരീരത്തിലെ കോശത്തിന്റെ ജനിതക വിവരങ്ങള്‍ നശിപ്പിക്കുന്നതിനാല്‍ കഞ്ചാവിനെ ‘ജെനോടോക്‌സിക്’ പദാര്‍ത്ഥമായാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
ഇത് ഡിഎന്‍എ മ്യൂട്ടേഷനുകള്‍, ത്വരിതഗതിയിലുള്ള വാര്‍ദ്ധക്യം, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും. മാത്രമല്ല ഈ ജനിതക വിഷാംശം അണ്ഡത്തിലൂടെയും ബീജത്തിലൂടെയും അടുത്ത തലമുറയിലേക്ക് കൈമാറാന്‍ കഴിയും.
ഇത് തലമുറകളെ വരെ നശിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍ ഇതിന് നിര്‍ബന്ധമായും പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, ഗര്‍ഭകാലത്ത് കഞ്ചാവ് വലിക്കുന്ന സ്ത്രീകളുടെ മക്കള്‍ ഭാവിയില്‍ ലഹരിക്ക് അടിമയായേക്കാമെന്ന തരത്തില്‍ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. കഞ്ചാവിലെ രാസവസ്തുക്കള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലുണ്ടാക്കുന്ന മാറ്റമാണ് ഇതിന് കാരണമെന്ന് യുഎസിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. കഞ്ചാവിന്റെ ലഹരിക്കു കാരണമായ ടെട്രാ ഹൈഡ്രോ കന്നബിഡിയോളിന്റെ (ടിഎച്ച്സി) പ്രവര്‍ത്തനം കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തില്‍ അപരിഹാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ടിഎച്ച്സിയുടെ സാന്നിധ്യം ഡോപമിന്‍ ന്യൂറോണ്‍ എന്ന മസ്തിഷ്‌ക കോശങ്ങളെയാണ് ബാധിക്കുക. ഇത് മൂലം കൂടുതല്‍ ഡോപാമിന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂറോബയോളജി-സൈക്ക്യാട്ടി പ്രഫസറായ ജോസഫ് ചിയര്‍ പറയുന്നു. ഗര്‍ഭകാലത്ത് അമ്മമാര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് തടയണമെന്നാണ് അമേരിക്കന്‍ കോളജ് ഓഫ് ഗൈനക്കോളജിസ്റ്റ്സ് പറയുന്നത്.
മനുഷ്യരില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ വിലക്കുള്ളതിനാല്‍ എലിയെ പോലുള്ള ഒരു ജീവിയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഗര്‍ഭിണിയായ ജീവികള്‍ക്ക് ടിഎച്ച്സി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇവക്കുണ്ടായ കുഞ്ഞുങ്ങള്‍ വലുതായപ്പോള്‍ കഞ്ചാവിന്റെ സാന്നിധ്യം വേഗത്തില്‍ മനസിലാക്കുകയും അത് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
Discussion about this post