പട്ന: മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹത്തിലെ കണ്ണ് കാണാതായെന്ന് പരാതിയുമായി കുടുംബം. കണ്ണുകൾ
എലി കരണ്ടതാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് സംഭവം.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫന്തൂഷ് എന്നയാളുടെ കുടുംബമാണ് പരാതിയുമായി മുന്നോട്ടു വന്നത്. അനുവാദം കൂടാതെ ആശുപത്രി അധികൃതർ അവയവം
നീക്കിയെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാല്‍, സംഭവം വിവാദമായതോടെ മൃതദേഹത്തിൽ നിന്ന് കണ്ണ് എലി കരണ്ടതാവാം എന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ എത്തുകയായിരുന്നു.
അജ്ഞാതരുടെ വെടിയേറ്റാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ വെള്ളിയാഴ്ച രാത്രി ഇയാൾ മരിച്ചു. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം രാത്രിയിൽ ഐസിയു ബെഡിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്.
ശനിയാഴ്ച രാവിലെയാണ് യുവാവിന്റെ ഇടത് കണ്ണ് കാണാനില്ലെന്ന് കുടുംബം തിരിച്ചറിയുന്നത്. യുവാവിനെ കിടത്തിയ കിടക്കയ്ക്ക് സമീപത്ത് നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ അറിയിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വിശദമാക്കി.
Discussion about this post