മുംബൈ: വിമാനങ്ങൾക്ക് പിന്നാലെ റിസർവ്വ് ബാങ്കിനും ഭീഷണി സന്ദേശം. മുംബൈയിലെ ആർബിഐയുടെ കസ്റ്റമർ കെയർ സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ ആണ് സെന്ററിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ ലഭിച്ചത്. ലഷ്‌കർ ഈ ത്വയ്ബയുടെ പ്രധാന നേതാവാണ് എന്നായിരുന്നു വിളിച്ചയാൾ പരിചയപ്പെടുത്തിയത് എന്നാണ് ജീവനക്കാരുടെ മൊഴി. ലഷ്‌കർ ഇ ത്വയ്ബയുടെ സിഇഒ ആണ് താൻ എന്നും സെന്ററിന് പുറകിൽ വച്ച് തങ്ങളുടെ കൂട്ടാളിയുടെ ഇലക്ട്രിക് വാഹനം തകരാറിൽ ആയെന്നും വിളിച്ചയാൾ പറഞ്ഞു. സെന്ററിന് പുറകിലെ റോഡ് ബ്ലോക്ക് ചെയ്യണം എന്നും ഇവർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇവർ പറഞ്ഞതായും ജീവനക്കാർ വ്യക്തമാക്കി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിസരത്ത് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തിൽ സന്ദേശം ലഭിച്ച നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post