ആധുനികമലയാള ഭാഷയുടെ പിതാവെന്ന് അറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഭാഷയ്ക്ക് സമ്മാനിച്ച അമൃതാണ് അധ്യാത്മരാമായണമെന്ന മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. ഇന്നും ഇതിലെ കാവ്യ ശകലങ്ങളും ശ്ലോകങ്ങളും പ്രസക്തമാണ്.
പലപ്പോഴും പലയിടങ്ങളിലും ഉപയോഗിക്കുന്ന അദ്ധ്യാത്മരാമായണത്തിലെ ഒരു ശ്ലോകം ആണ് ‘പ്രത്യുപകാരം മറക്കുന്ന പുരുഷൻ ,ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ കിഷ്‌കി്ധാകാണ്ഢത്തിലെ ഒരു ഭാഗമാണിത്. രാവണൻ അപഹരിച്ച സീതയെ തേടി രാമലക്ഷ്മണന്മാർ കാട്ടിലലയുന്ന സമയം. രാമനും സുഗ്രീവനും തമ്മിലുള്ള സഖ്യമനുസരിച്ച് രാമൻ ബാലിയെ വധിച്ച് സുഗ്രീവനെ രാജാവാക്കി. അതോടെ, സീതാന്വേഷണത്തിനു സഹായിക്കാമെന്ന വാഗ്ദാനം സുഗ്രീവൻ മറന്നു. രാജമന്ദിരത്തിലെ സുഖജീവിതത്തിൽ മദിച്ചു കഴിഞ്ഞ സുഗ്രീവൻ രാമന്റെ ദുഃഖം ഓർത്തില്ല. വാക്കുമറന്ന സുഗ്രീവന് സാക്ഷാൽ ഹനുമാൻ നൽകുന്ന ഉപദേശത്തിലെ വരിയാണ് ഇത്. തെറ്റു മനസ്സിലാക്കിയ സുഗ്രീവൻ സീതാന്വേഷണത്തിനു വാനരന്മാരെ നാലു ദിക്കിലേക്കുമയക്കുകയായിരുന്നു.
എല്ലാം സ്വയം ആർജ്ജിച്ചതെന്ന് വീമ്പിളക്കുന്നവരെയും വന്നവഴി മറന്നവരെയും ഈ ശ്ലോകത്തോട് ചേർത്ത് വായിക്കാം. ആകാശത്ത് നിന്ന് പൊട്ടിവീണ് നിലം തൊടാതെ ആരുടെയും സഹായമില്ലാതെ ജീവിച്ചവരാണെന്നാണ് ഇവരുടെ ധാരണ. ഏതു രംഗത്തു വിജയിച്ചയാൾക്കും ഏതെങ്കിലും ഘട്ടത്തിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാവും. പക്ഷേ വിജയിച്ചു കഴിഞ്ഞ്, എല്ലാമെന്റെ സ്വന്തം മിടുക്കുകൊണ്ടു നേടിയതാണെന്നു പലരും വിചാരിക്കും. മാത്രമല്ല, ഉയരത്തിലെത്തിക്കഴിഞ്ഞ്, കയറിവന്ന ഏണി പിന്നോട്ടു തള്ളിക്കളഞ്ഞെന്നുമിരിക്കും. ഒരു പടികൂടെക്കടന്ന് സഹായിച്ചവരെ ഉപദ്രവിക്കുന്നവരും ഉണ്ടാവാം. ഒരു സഹായവും ചെയ്യാത്തവരെപ്പറ്റി പരാതി കാണില്ല. അവരെ ഉപദ്രവിക്കുകയുമില്ല. നന്ദി കെട്ട മനുഷ്യരെ പറയുന്ന വാക്യം.
Discussion about this post