ഒട്ടാവ: ഇന്ത്യക്കാർക്കെതിരെ അധിക്ഷേപ പരാമർശവുമായി കനേഡിയൻ പൗരൻ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കുന്നതിന് വേണ്ടി മാത്രം കാനഡയിൽ വരുന്നുവെന്നും ഇവരെ കൊണ്ട് രാജ്യത്തെ ആശുപത്രിയിലെ പ്രവസ വാർഡുകൾ നിറഞ്ഞിരിക്കുകയാണെന്നുമായിരുന്നു കനേഡിയൻ പൗരനായ ചാഡ് ഇറോസിന്റെ പരാമർശം. സംഭവത്തിൽ ചാഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യക്കാരിൽ നിന്നും ഉയരുന്നത്.
അടുത്തിടെ തന്റെ സഹോദരി പ്രവസിച്ചിരുന്നു. കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് പോയപ്പോൾ നഴ്‌സാണ് തന്നോട് ഇക്കാര്യം പറഞ്ഞത് എന്നാണ് ചാഡ് പറയുന്നത്. ഇന്ത്യയിൽ നിന്നും പ്രസവിക്കാൻ എത്തിയവരെ കൊണ്ട് വാർഡ് നിറഞ്ഞിരിക്കുകയാണ്. പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവർ കൂട്ടത്തോടെ കാനഡയിൽ പ്രസവിക്കാൻ എത്തുന്നത്. ഇവിടുത്തെ ആശുപത്രികൾ ഒരിക്കലും ഇവരെ ഒഴിവാക്കാറില്ല. പ്രസവ ശേഷം ഇവർ തിരികെ ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നു. ഇന്ത്യയിൽ ഇവരുടെ കുട്ടി വളരും. വലുതായാൽ കാനഡയിൽ എത്തും. ഇവിടുത്തെ പൗരനായി ആകും ഇവർ എത്തുക. ശേഷം ഇവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോൺസർ ചെയ്യുന്നു. ഇതിനെല്ലാം ചിലവാകുന്നത് ഇവിടെ ജനിച്ചു വളർന്നവരുടെ പണം ആണ്. ഞങ്ങളുടെ ചിലവിൽ ആണ് സ്ത്രീകൾ ഇവിടെ പ്രസവിക്കുന്നത് എന്നും ചാഡ് പറഞ്ഞു.
എക്‌സിൽ വീഡിയോയിലൂടെ ആയിരുന്നു ചഡിന്റെ പ്രതികരണം. സംഭവം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഈ വീഡിയോ ഇന്ത്യക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചഡിനെതിരെ വിമർശനവും ആരംഭിച്ചു. ഏത് ആശുപത്രിയാണ് ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞതെന്ന് ചഡ് വ്യക്തമാക്കണം എന്നാണ് ആളുകളുടെ ആവശ്യം.
Discussion about this post