തിരുവനന്തപുരം: തനിക്ക് ട്വിറ്റർ ( ഇപ്പോൾ എക്സ്) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ശശി തരൂർ. 84 ലക്ഷം ഫോളോവര്‍മാരാണ് അദ്ദേഹത്തിന് എക്‌സിലുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഫോളോവര്‍മാരുടെ എണ്ണം 84 ലക്ഷം അഥവാ 8.4 മില്യണ്‍ എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തരൂര്‍.
ഭരത് തിവാരി എന്നയാൾ ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം ശശി തരൂർ നടത്തിയത്. ഈ കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്നത്തെ ട്വിറ്ററിന് കത്തയച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. എന്തോ കുഴപ്പുണ്ട്, എന്നാൽ എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു അന്നത്തെ ട്വിറ്റർ ഉദ്യോഗസ്ഥൻ ശശി തരൂരിനോട് പറഞ്ഞത്.
മൂന്നുവര്‍ഷത്തിനുശേഷം ‘എക്‌സ്’ ആയതിന് ശേഷവും ഇതിലൊരു മാറ്റവുമുണ്ടാകാത്തതിനാല്‍ ഞാന്‍ ഇക്കാര്യം അന്വേഷിച്ചുകൊണ്ട് ഇലോണ്‍ മസ്‌കിന് കത്തെഴുതി. ഒരു അഭിഭാഷകന്റെ കത്താണ് എനിക്ക് മറുപടിയായി ലഭിച്ചത്. അങ്ങനെയൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല എന്ന കോര്‍പ്പറേറ്റ് മറുപടിയാണ് എനിക്ക് ലഭിച്ചത്.’
എന്നാൽ കത്തയച്ചതിനുശേഷം ഫോളോവര്‍മാരുടെ എണ്ണം ക്രമരഹിതമായി കുറയാന്‍ തുടങ്ങി എന്നും ശശി തരൂർ പറഞ്ഞു. 8.495 മില്യണില്‍ നിന്ന് കുറഞ്ഞ് ഇന്ന് അത് 8.429 മില്യണായി. അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ എന്തോ പ്രശ്‌നം ഉണ്ടെന്നും എക്‌സ് ഇന്ത്യയിലുള്ളവര്‍ അത് ശ്രദ്ധിക്കുന്നേയില്ല എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കുകയും തന്നോട് ചോദിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് ഒടുവില്‍ താന്‍ ഇക്കാര്യം പരസ്യമായി പറയാന്‍ തീരുമാനിച്ചത്. ഇങ്ങനെ പരസ്യമായി പറയുന്നതുകൊണ്ട് എക്‌സ് ഇന്ത്യയിലെ ഉത്തരവാദിത്തമുള്ള ആരെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചേക്കാമെന്നും എന്നാല്‍ താന്‍ അതിനായി കാത്തിരിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
Discussion about this post