ബെയ്റൂത്ത് : ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം. നഗരത്തിലെ ഒരു പ്രധാന പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുഖ്യ വക്താവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹിസ്ബുള്ളയുടെ മാദ്ധ്യമ മേധാവി ആയിരുന്ന മുഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്.
സെൻട്രൽ ബെയ്റൂത്തിലെ റാസ് അൽ-നബായിലെ ബാത്ത് പാർട്ടിയുടെ ഓഫീസുകൾക്ക് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ ആക്രമണത്തിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
ഹിസ്ബുള്ളയുടെ മാദ്ധ്യമ വക്താവ് ആകുന്നതിനു മുൻപായി ഹിസ്ബുള്ള നടത്തുന്ന ടിവി നെറ്റ്‌വർക്ക് അൽ മനാർ കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് അഫീഫ്. ലബനനിലെ ഒരു പ്രമുഖ ഷിയ പുരോഹിതൻ്റെ മകനാണ് അഫീഫ്. സെപ്തംബർ 28 ന് ഹിസ്ബുള്ള നേതാവായ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതിനുശേഷം ബെയ്റൂത്തിൽ ഹിസ്ബുള്ളക്ക് വേണ്ടിയുള്ള പത്രസമ്മേളനങ്ങൾ നടത്തിയിരുന്നത് മുഹമ്മദ് അഫീഫ് ആയിരുന്നു.
Discussion about this post