ഇംഫാൽ : മണിപ്പൂരിലെ ക്രമസമാധാന നില തകരാറിലാക്കാൻ ഇനി ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികളെ കൂടി മണിപ്പൂരിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
5000-ലധികം ഉദ്യോഗസ്ഥർ അടങ്ങുന്ന 50 സിഎപിഎഫ് കമ്പനികളെയാണ് മണിപ്പൂരിന്റെ സുരക്ഷ നിയന്ത്രിക്കാനായി അയയ്ക്കുന്നത്. സംസ്ഥാനത്ത് സംഘർഷ സാഹചര്യം മനസ്സിലാക്കി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിലെ തൻ്റെ രാഷ്ട്രീയ പരിപാടികൾ അമിത് ഷാ ഞായറാഴ്ച റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധികമായി 50 സിഎപിഎഫ് കമ്പനികളെ കൂടി അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അമിത് ഷായുടെ വസതിയിൽ നടന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരും ആയുള്ള ചർച്ചകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികളും ആയി ബന്ധപ്പെട്ട് 5 മണിക്കൂറിലേറെ നീണ്ട ചർച്ചകൾ ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ നടന്നത്. ഗ്രൗണ്ട് അസസ്‌മെൻ്റ് റിപ്പോർട്ട് അയക്കുന്നതിനും എല്ലാ സേനകളുമായും ഏകോപിപ്പിക്കുന്നതിനുമായി മണിപ്പൂർ കേഡറിൽ നിന്നുള്ള സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിനെയും അമിത് ഷാ ഇംഫാലിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post