ന്യൂഡൽഹി : ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്‌ണോയ് യുഎസിൽ കസ്റ്റഡിയിൽ. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘത്തിന്റെ ചുമതലകൾ നിർവഹിച്ചിരുന്ന വ്യക്തിയാണ് അൻമോൾ ബിഷ്‌ണോയ്. പഞ്ചാബിലെ ഫാസിൽക്ക സ്വദേശികളാണ് ബിഷ്‌ണോയ് സഹോദരങ്ങൾ.
നിലവിൽ അൻമോൾ ബിഷ്‌ണോയ് കാലിഫോർണിയ പോലീസിൻ്റെ തടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തെ വൈകാതെ തന്നെ ഇന്ത്യയ്ക്ക് വിട്ടു നൽകുമെന്നാണ് സൂചന. എൻഐഎയും മഹാരാഷ്ട്ര പോലീസും ഉൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികൾ പ്രതിയെ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഒക്‌ടോബർ 12ന് മുംബൈയിലെ മകൻ സീഷാൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അൻമോൾ ബിഷ്‌ണോയ്. മറ്റു നിരവധി പ്രധാന കേസുകളിലും ഇദ്ദേഹം പ്രതിയാണ്. മുംബൈയിലെ നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലും അൻമോൾ ബിഷ്‌ണോയ്ക്ക് പങ്കുള്ളതായാണ് സൂചന. അൻമോൾ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post