പത്തനംതിട്ട : ശബരിമല പരിസരത്ത് തീർത്ഥാടകരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. ഹോട്ടലുകളും കടകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ ഉൽപ്പന്നങ്ങൾ അടക്കം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് എൽ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി.
റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനാ സംഘത്തിലുള്ളത്. ശബരിമല തീർത്ഥാടകരെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും ജോലിക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് പരിശോധക സംഘം അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം ഹോട്ടലുകളിലും ഇത് നടപ്പാക്കുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികളെയും കണ്ടെത്തി. ഇവർക്ക് രണ്ടുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹെൽത്ത് കാർഡ് ഹാജരാക്കിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post