പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും.
പാലക്കാട് 1,94,706 പേർ ആകെ വോട്ടർമാർ ഉള്ളതിൽ 1,00,290 പേരും സ്ത്രീകളാണ് . ആകെ പോളിംഗ് സ്റ്റേഷനുകൾ 184. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന്
ഇത്രയേറെ ട്വിസ്റ്റുകളും വിവാദങ്ങളും നിറഞ്ഞ ഒരു ഉപതിരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ഷാഫി പറമ്പിലിന്റെ നോമിനി ആയി രാഹുൽ മാങ്കൂട്ടത്തിൽ വന്നത് മുതൽ തുടങ്ങിയതാണ് വിവാദം. ഇതിൽ പ്രതിഷേധിച്ച സരിൻ കോൺഗ്രസ് വിട്ട് സി പി എം സ്ഥാനാർത്ഥിയായി. പിന്നീട് ട്രോളി വിവാദം വന്നു. മുനമ്പം വിഷയം പാലക്കാട് പ്രതിഫലിക്കും എന്ന ക്രിസ്ത്യൻ സംഘടനകളുടെ പ്രസ്താവന തുടർന്ന് വന്നു. ഇതൊക്കെ കഴിഞ്ഞപ്പോൾ ഇനി ഒന്നും വരാനില്ല എന്ന് കരുതി ആശ്വസിച്ചപ്പോഴാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം.അതിനോട് ചേർന്ന് തന്നെ സി പി എമ്മിന്റെ പത്ര പരസ്യ വിവാദം.
ചുരുക്കി പറഞ്ഞാൽ, എല്ലാം കണ്ടും കെട്ടും സമ്മിതിദായകർ ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുകയാണ് . ആരെ തള്ളണം ആരെ കൊള്ളണം എന്ന് തീരുമാനിക്കാൻ.
Discussion about this post