ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സൈന്യത്തിന് നേരെ ചാവേർ ആക്രമണം. മേഖലയിലെ സംയുക്ത ചെക്ക് പോസ്റ്റിലേക്ക് ഒരു ചാവേർ സ്ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 12 സുരക്ഷാ ഉദ്യോഗസ്ഥരും ആറ് ഭീകരരും കൊല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു.
സുരക്ഷാ സേനയിലെ 10 സൈനികരും ഫ്രോണ്ടിയർ കോൺസ്റ്റാബുലറിയിലെ രണ്ട് സൈനികരും ഉൾപ്പെടെയാണ് 12 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുള്ളത്. ആക്രമണത്തിനുശേഷം സൈന്യം നടത്തിയ വെടിവെപ്പിൽ 6 ഭീകരരും കൊല്ലപ്പെട്ടു. സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് എന്നും പാക് സൈന്യം വ്യക്തമാക്കി.
പാകിസ്താനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ ഏതാനും നാളുകളായി നിരവധി ഭീകരാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം മാത്രം ഈ മേഖലയിലെ അക്രമങ്ങളിൽ 90 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബലൂചിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ സൈനികരും സാധാരണ ജനങ്ങളും അടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നത്.
Discussion about this post