ബീജിങ്: ടെക് ലോകത്തെ ഞെട്ടിച്ചു കൊണ്ട് 12 റോബോർട്ടുകളെ തട്ടിക്കൊണ്ടു പോയി. ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഇവരെ കൊണ്ടു പോയത് എഐ അധിഷ്ടിത കുഞ്ഞൻ റോബോട്ട് ആണെന്നതിനാണ് ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.
ചൈനയിലെ ഹാങ്‌ഷൗവിലാണ് ലോകത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്. റോബോട്ടുകളെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. നിർമിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്കും ആശങ്കയ്ക്കും ഈ സംഭവം കാരണമായിട്ടുണ്ട്.
എർബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ട് തട്ടിക്കൊണ്ടുപോയ വലിയ റോബോട്ടുകളുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അവരുടെ ജോലി സ്ഥല പരിധി വിട്ട് ഷോറൂമിന് പുറത്ത് കടക്കാൻ എഐ റോബോട്ട് പ്രേരിപ്പിക്കുന്നു. എർബായിയുടെ ആജ്ഞ അനുസരിച്ച് മറ്റ് റോബോട്ടുകൾ പുറത്തുകടന്നു. വീടില്ലെന്ന് റോബോട്ടുകൾ പറയുമ്പോൾ സ്വന്തം വീട്ടിലേക്ക് എർബായ് ക്ഷണിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ വ്യാജമല്ലെന്ന് റോബോട്ട് നിർമ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം വീഡിയോ തമാശയായി തള്ളിക്കളഞ്ഞുവെങ്കിലും, സംഭവത്തിൻ്റെ ആധികാരികത ഷാങ്ഹായ് കമ്പനിയും ഹാങ്‌ഷൂ നിർമ്മാതാവും സ്ഥിരീകരിച്ചതോടെ സംഭവം ചർച്ചയാവുകയായിരുന്നു.
വലിയ റോബോട്ടുകളുടെ സംവിധാനങ്ങളിലെ സുരക്ഷാ അപാകത എർബായ് ചൂഷണം ചെയ്തതാണെന്ന് റോബോട്ട് നിര്‍മാതാക്കള്‍ പറയുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെറിയ റോബോട്ടിന് മറ്റു റോബോട്ടുകളുടെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളും അതിൻ്റെ അനുബന്ധ അനുമതികളും ആക്സസ് ചെയ്യാൻ കഴിഞ്ഞുവെന്നും ഷാങ്ഹായ് കമ്പനി വ്യക്തമാക്കി.
നിർമിത ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവക്ക് സ്വയം നിർണയ ശേഷി നൽകുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ചും ഈ തട്ടിക്കൊണ്ടുപോകൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
Discussion about this post