കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് യു ഡി എഫ് വിലയിരുത്തൽ. ഏതാണ്ട് ഒരു ലക്ഷത്തിലധികം വോട്ടുകൾ കുറയുമെന്നാണ് യു ഡി എഫ് കണക്ക് കൂട്ടുന്നത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു.
ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്.
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എൽഡിഎഫ് പ്രചാരണം കുറച്ചിരുന്നു. ഇത് അക്രമണോത്സുകത കുറക്കാനും അത് വഴി പ്രിയങ്കയുടെ ലീഡ് കുറക്കാനും ലക്ഷ്യമിട്ടാണെന്നും യുഡിഎഫ് സംശയിക്കുന്നുണ്ട്.
Discussion about this post