ചെന്നൈ: ജീവനക്കാരുടെ മാനസികോല്ലാസത്തിനു കൂടി പ്രധാന്യം നല്‍കുന്ന നിരവധി കമ്പനികൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിൽ ഒരു കമ്പനിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ താരം. കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ സർപ്രൈസ് കണ്ടു എല്ലാവരും നീട്ടിയിരിക്കുകയാണ്.
ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘കാസാഗ്രാൻഡ്’ ആണ് അവരുടെ ജീവനക്കാര്‍ക്ക് വമ്പന്‍ സർപ്രൈസ് ഒരുക്കിയത്.
തങ്ങളുടെ 1000 ജീവനക്കാർക്കായി സ്പെയിനിലെ ബാഴ്സലോണയിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒരാഴ്‌ച നീണ്ട ട്രിപ്പിന്റെ എല്ലാ ചിലവും കമ്പനിയാണ് വഹിക്കുക.
കമ്പനിയുടെ ലാഭം വർദ്ധിപ്പിച്ചതിനുള്ള പ്രതിഫലമായാണ് ജീവനക്കാർക്ക് ഈ എക്സ്ക്ലൂസീവ് ബോണസ് നൽകിയത്. കഴിഞ്ഞ വർഷം കമ്പനി ലക്ഷ്യമിട്ട ലാഭം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അർപ്പണബോധവും സഹകരണ മനോഭാവവും പ്രതിബദ്ധതയുമുള്ള ജീവനക്കാരാണ്. അവർക്കുള്ള സമ്മാനമാണ് ഈ യാത്രയെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
സഗ്രഡ ഫാമിലിയ, പാർക്ക് ഗുവൽ തുടങ്ങിയ ഐക്കോണിക് ലാൻഡ്‌മാർക്കുകളിലേക്കും മോണ്ട്ജൂയിക് കാസിൽ പോലുള്ല സ്പെയിനിലെ മനോഹരമായ സ്ഥലങ്ങളിലേക്കാണ് യാത്ര. നഗരത്തിലെ ബീച്ചുകൾ പര്യവേക്ഷണം ചെയ്യാനും സാംസ്‌കാരികവും വിനോദപരവുമായ പരിപാടികൾ ആസ്വദിക്കാനും അവർക്ക് അവസരമുണ്ട്. ഇന്ത്യയിലും ദുബായിലും ഉൾപ്പെടെ ഇവര്‍ക്കുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഈ യാത്രയിൽ പങ്കെടുക്കും.
വർഷങ്ങളായി സിംഗപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക, യുഎഇ, മലേഷ്യ, ലണ്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് കമ്പനി ജീവനക്കാർക്ക് സൗജന്യയാത്ര സമ്മാനമായി ഒരുക്കിയിട്ടുണ്ട്. 2022ൽ സ്വിറ്റ്സർലൻഡും 2023ൽ ഓസ്ട്രേലിയൻ യാത്രയുമാണ് കമ്പനി ജീവനക്കാർക്ക് ഒരുക്കിയിരുന്നത്.
Discussion about this post