കീവ് : യുക്രൈൻ യുദ്ധത്തിൽ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. യുദ്ധത്തിൽ റഷ്യ ഇത്തരമൊരു മിസൈൽ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
റഷ്യയുടെ അസ്ട്രഖാൻ മേഖലയിൽ നിന്നാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന വ്യാഴാഴ്ച വ്യക്തമാക്കി. ആർഎസ്-26 റുബെഷ് എന്ന മിസൈൽ ആണ് റഷ്യ വിക്ഷേപിച്ചിട്ടുള്ളത്.
ആംസ് കൺട്രോൾ അസോസിയേഷൻ്റെ കണക്കനുസരിച്ച് 5,800 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ.
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ സൈന്യം കൂടി എത്തിയതോടെ യുദ്ധം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുകയാണ്. കൂടാതെ റഷ്യയിൽ രണ്ടു ദിവസങ്ങൾക്കു മുൻപാണ് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പുതുക്കിയ ആണവ സിദ്ധാന്തത്തിന് അംഗീകാരം നൽകിയത് എന്നുള്ളതും ശ്രദ്ധേയമാണ്. ഒരു ആണവശക്തിയുടെ പിന്തുണയോടെ ഒരു പരമ്പരാഗത മിസൈൽ ആക്രമണത്തിന് രാജ്യം വിധേയമായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് റഷ്യക്ക് പരിഗണിക്കാമെന്നാണ് റഷ്യയുടെ പുതിയ ആണവ സിദ്ധാന്തം വ്യക്തമാക്കുന്നത്.
Discussion about this post