തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് യോഗം ചേർന്നത്. പൊതുമാനദണ്ഡം അനുസരിച്ച് എംഎൽഎമാർക്ക് പ്രവൃത്തികൾ നിർദ്ദേശിക്കാം എന്ന് യോഗത്തിൽ തീരുമാനമായി. ഓരോ എംഎൽഎമാർക്കും തങ്ങളുടെ മണ്ഡലങ്ങളിൽ ചെയ്യേണ്ട റോഡ് നവീകരണ പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എംഎൽഎമാരുടെ നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്ന റോഡുകൾ നന്നാക്കുന്നതിന് മുൻഗണനാക്രമത്തിൽ പരിഗണന നൽകും.
പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ എന്നിവയ്ക്കും മുൻഗണന നൽകുന്നതായിരിക്കും. ധനവകുപ്പ് നൽകുന്ന ക്രമീകരിച്ച പട്ടിക അനുസരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിച്ച ശേഷം ആയിരിക്കും റോഡ് നവീകരണം ആരംഭിക്കുക. റോഡുകളുടെ ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേത്യത്വത്തിൽ ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.









Discussion about this post