ബംഗളൂരു : കോപ്പാൽ വീരശൈവ ലിംഗായത്ത് മഠത്തിന്റെ വസ്തുവകകളും വഖഫ് പട്ടികയിൽ പെടുത്തിയെന്ന പരാതിയുമായി മഠം അധികൃതർ രംഗത്ത്. ശ്രീ അന്നദാനേശ്വർ ശാഖ മഠത്തിന്റെ വസ്തുവിൽ പകുതിയോളമാണ് ഒരു ദർഗയുടേതാണെന്ന് ചൂണ്ടിക്കാട്ടി വഖഫ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും എത്രയും പെട്ടെന്ന് മഠത്തിന്റെ വസ്തുക്കൾ വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും വീരശൈവ സമുദായ നേതാക്കളും സന്യാസിമാരും ആവശ്യപ്പെട്ടു.
വിദ്യാഭാസ സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്യുന്ന സമാജ സ്ഥാപനമാണ് അന്നദാനേശ്വർ മഠം. 90 സെന്റോളം വരുന്ന മഠത്തിന്റെ വസ്തുവിൽ 45 സെന്റിലധികമാണ് വഖഫിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദർഗയുടേയും കബർസ്ഥാന്റെയും വസ്തുക്കളാണ് ഇതെന്നാണ് പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വഖഫ് പട്ടികയിൽ ഉൾപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് മഠത്തിന്റെ പേരിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സമുദായ നേതാക്കൾ മുന്നറിയിപ്പ് നൽകി. വീരശൈവ സമുദായത്തിലെ പ്രധാന നേതാക്കളായ രുദ്രഗൗഡ ഗൗഡപ്പവര, ബസവരാജ ഹല്ലുർ, മഹന്തേഷ് അഗസിമുന്ദിന തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വഖഫിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് കർണാടകയിലും വിഷയം ചർച്ചയാകുന്നത്. കേരളത്തിൽ മുനമ്പത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കേന്ദ്രസർക്കാർ പുതിയ വഖഫ് ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടെയാണ് പഴയ വഖഫ് നിയമത്തിലെ ന്യൂനതകളും അനീതികളും പുറത്തുവരുന്നത്.
Discussion about this post