വയനാട് : 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന വയനാട് മികച്ച മുന്നേറ്റം ആയിരുന്നു സിപിഐ സ്ഥാനാർഥിയായ സത്യൻ മൊകേരി ഉണ്ടാക്കിയിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിലും സത്യൻ മൊകേരിയയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലെ സിപിഐ ലക്ഷ്യവും ഈ ജനപിന്തുണ തന്നെയായിരുന്നു. എന്നാൽ നെഹ്റു കുടുംബത്തിന്റെ യുവതലമുറയ്ക്ക് മുൻപിൽ സിപിഐക്ക് അടിയറവ് പറയേണ്ടി വന്ന കാഴ്ചയാണ് ഇന്ന് വയനാട്ടിൽ നിന്നും കണ്ടത്.
പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തേക്കാൾ രണ്ട് ലക്ഷം വോട്ട് കുറവാണ് ഇത്തവണ സത്യൻ മൊകേരിക്ക് നേടാനായത്.
വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായിരുന്ന ആനി രാജ നേടിയ വോട്ടുകൾക്ക് ഒപ്പം എത്താൻ പോലും ഇത്തവണ സത്യൻ മൊകേരിക്ക് കഴിഞ്ഞില്ല.
6,22,338 വോട്ട് നേടിയാണ് പ്രിയങ്കാ ഗാന്ധി തന്റെ കന്നിയങ്കത്തിൽ വയനാട് മണ്ഡലത്തിൽ ജയിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ട് മാത്രമാണ്.
ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ 2,83,023 വോട്ട് നേടിയിരുന്നു. എന്നാൽ 4.01 ശതമാനം വോട്ടിൻ്റെ ഇടിവാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്. 2014 ല്‍ ആദ്യമായി സത്യന്‍ മൊകേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 3,56,165 വോട്ട് നേടിയിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോൾ വോട്ടിൽ ഒന്നരലക്ഷത്തിനടുത്ത് കുറവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post