പിലിഭിത്ത്: ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം. ലോക്കോ പൈലറ്റിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലില്‍ നീങ്ങിയത് വന്‍ദുരന്തം.പിലിഭിത്തിലാണ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പിയാണ് പാളത്തില്‍ വച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിന്‍ നില്‍ക്കുകയായിരുന്നു.
പിലിഭിത്തില്‍ നിന്ന് ബറേലിയിലേക്കുള്ള റെയില്‍വേ ട്രാക്കിലാണ് ഇരുമ്പ് കമ്പി വച്ച നിലയില്‍ കണ്ടെത്തിയത്. ലാലൌരിഖേര റെയില്‍വേ ഹാള്‍ട്ടിന് സമീപത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പിലിഭിത്തില്‍ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനാണ് വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 12 മില്ലിമീറ്റര്‍ ഘനമുള്ളതാണ് പാളത്തില്‍ കണ്ടെത്തിയ ഇരുമ്പ് കമ്പി. എന്‍ജിന് അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഈ കമ്പി.
സംഭവത്തില്‍ ജഹാനാബാദ് പൊലീസ് സ്റ്റേഷന്‍ കേസ് എടുത്തിട്ടുണ്ട്. റെയില്‍വേ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ പ്രദേശവാസികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് വിവരം നല്‍കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
Discussion about this post