തിരുവനന്തപുരം: മകളുടെ വീട്ടിൽ നിന്നും മടങ്ങവേ മൂടിയില്ലാത്ത ഓടയിൽ വീണ് സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി വി.എസ്. ശൈലജയ്ക്ക് (72) ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഏഴരയോടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളാേ ബ്രിക്സിന് സമീപത്തെ ഓടയിലാണ് ശൈലജ വീണത്. മകളുടെ വീട്ടിലേക്ക് പോകവേ വഴിയിൽ പട്ടിയെ കണ്ട് ഭയന്ന് വലത്തോട്ടുള്ള മുളവൂർ ലൈനിലേക്ക് നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ വഴിയിൽ ഓടയിൽ രണ്ട് ഭാഗത്ത് സ്ളാബ് ഇല്ലാത്ത അവസ്ഥയാണ്.
ഒന്നരമീറ്ററിലേറെ ആഴമുള്ള ഓടയിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് കണ്ടത്.സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വീണത് തലേന്നാണെന്ന് മനസിലായത്. ഓടയുടെ വക്കിൽ ഇടിച്ച് തലയ്ക്കേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരം തേക്കുംമൂട് കണ്ടത്തിങ്കൽ ടി.ആർ.എ- 66 എ വീട്ടിൽ കേരള ആഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ റിട്ട.മാനേജർ സി.എസ്.സുശീലൻ പണിക്കരുടെ ഭാര്യയാണ്. കല്ലംപള്ളി പ്രതിഭ നഗറിൽ താമസിക്കുന്ന മകൾ ഡോ. അഞ്ജുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഭർത്താവും അന്ന് മകളുടെ വീട്ടിലായിരുന്നു. എന്നാൽ, ശൈലജ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ല
Discussion about this post