ന്യൂഡൽഹി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ അനാവശ്യമായി പാർലമെന്റ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മോദി വിമർശിച്ചു.ജനങ്ങൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഈ നടപടി കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവരാണ് പാർലമെന്റ് തടസപ്പെടുത്തുന്നത്.ചില ആളുകൾ ഗുണ്ടായിസം കാണിക്കുകയാണ്.രാജ്യത്തെ ജനങ്ങൾ അവരുടെ എല്ലാ പ്രവൃത്തികളും കാണുന്നുണ്ട്. സമയമാകുമ്പോൾ അവർ ഇതിനെല്ലാം കൃത്യമായ ശിക്ഷ കൊടുത്തുകൊള്ളും. എന്നാൽ ഈ ഗുണ്ടായിസം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പുതിയ ആശയങ്ങളോടെയും ഊർജത്തോടേയും പാർലമെന്റിലേക്ക് വരുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ്. ഒരു പാർട്ടിയുടെ കാര്യമല്ല പറയുന്നത്. എല്ലാ പാർട്ടികളുടേയും അവസ്ഥ ഇതാണ്. ചില എംപിമാർക്ക് സംസാരിക്കാൻ പോലും അവസരം ലഭിക്കാറില്ല’, മോദി പറഞ്ഞു.നിരന്തരം തിരസ്‌കരിക്കപ്പെട്ടവർ ജനാധിപത്യത്തിന്റെ ആത്മാവിനെ മാനിക്കുകയോ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയോ ചെയ്യുന്നില്ല. ജനങ്ങളോട് അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. അവർക്ക് ജനങ്ങളെ മനസിലാക്കാനാകില്ല, അതിനാൽ അവർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുമില്ലെന്ന് നരേന്ദ്രമോദി കുറ്റപ്പെടുത്തി.
ഡിസംബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്. ഇതിനിടെ സർക്കാർ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. വഖഫ് ഭേദഗതി ബില്ലും ദുരന്തനിവാരണ (ഭേദഗതി) ബില്ലും അടക്കം പതിനാറ് ബില്ല് ഇത്തവണ സഭയിൽ അവതരിപ്പിച്ചേക്കും.
Discussion about this post