ധാക്ക : ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ധാക്കയിൽ അറസ്റ്റിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗ്രൻ ജോട്ടെയുടെ വക്താവാണ് അദ്ദേഹം. ധാക്ക വിമാനത്താവളത്തിൽ വെച്ചാണ് ചിൻമോയ് കൃഷ്ണ ദാസ് അറസ്റ്റിൽ ആയിരിക്കുന്നത്.
ബംഗ്ലാദേശ് പോലീസിൻ്റെ ഡിറ്റക്റ്റീവ് ബ്രാഞ്ച് എന്ന് വെളിപ്പെടുത്തിയ ചിലർ അദ്ദേഹത്തെ പിടികൂടി എന്നാണ് സനാതനി ജാഗ്രൻ ജോട്ടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചിൻമോയ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തതായി ധാക്ക പോലീസ് അഡീഷണൽ കമ്മീഷണർ സ്ഥിരീകരിച്ചു. ഒരു പരാതിയെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.
ന്യൂനപക്ഷ പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ അതിവേഗ വിചാരണ ട്രൈബ്യൂണൽ, ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കുക, ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിക്കുക തുടങ്ങി എട്ട് ആവശ്യങ്ങൾ ഉന്നയിച്ച് ബംഗ്ലാദേശിലുടനീളമുള്ള ഹിന്ദു സമൂഹത്തിന് വേണ്ടി ചിൻമോയ് കൃഷ്ണ വാദിച്ചിരുന്നു. ഈ മാസം ആദ്യം ചിറ്റഗോങ്ങിൽ ന്യൂനപക്ഷ അവകാശ റാലിയിൽ പങ്കെടുത്ത 19 പേർക്കെതിരെ ബംഗ്ലാദേശ് പോലീസ് രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതേസമയം ഹിന്ദുക്കളുടെ വീടുകളും കടകളും ഉൾപ്പെടെയുള്ളവക്കെതിരെ ആക്രമണം നടത്തുന്നവർക്ക് എതിരായി ബംഗ്ലാദേശ് പോലീസ് യാതൊരു കേസും എടുക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post