ജിദ്ദ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 13 വയസ്സുകാരനായ വൈഭവ് സൂര്യവംശി. വൈഭവിനെ സ്വന്തമാക്കാനായി ഡൽഹിയും രാജസ്ഥാനും തമ്മിൽ കടുത്ത മത്സരമായിരുന്നു നടന്നത്. ഒടുവിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ആണ് ഈ 13 വയസ്സുകാരനെ സ്വന്തമാക്കിയത്.
ഐപിഎല്ലിന്റെ 16 വർഷത്തിനിടയിൽ ലേലപ്പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശി. ഇപ്പോൾ ഐപിഎൽ ടീം പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ചരിത്ര നേട്ടവും കൂടി വൈഭവ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് നേട്ടം തന്റെ പന്ത്രണ്ടാം വയസ്സിൽ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് വൈഭവ്.
ഈ വർഷമാദ്യം 12-ാം വയസ്സിൽ ബിഹാറിനു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആണ് സൂര്യവംശി ആദ്യമായി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നത്. തുടർന്ന് ചെന്നൈയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടർ 19 ടൂർണമെന്റിൽ സെഞ്ച്വറി നേടിക്കൊണ്ട് അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ആയി സൂര്യവംശി മാറിയിരുന്നു. വെറും 58 പന്തിലാണ് അന്ന് ഈ യുവ താരം സെഞ്ച്വറി നേടിയത്. ഇത് ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ യൂത്ത് ടെസ്റ്റ് സെഞ്ചുറിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
Discussion about this post