ചെന്നൈ : സംഗീതസംവിധായകൻ എആർ റഹ്മാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബാസിസ്റ്റ് മോഹിനി ഡേ. സ്വകാര്യതയും സാഹചര്യങ്ങളും മനസ്സിലാക്കി ഓരോരുത്തരും പ്രതികരിക്കണം. എആർ റഹ്മാൻ തനിക്ക് അച്ഛനെപ്പോലെയാണ് എന്നും മോഹിനി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നതിന് കാരണം മോഹിനി ഡേ ആണെന്ന രീതിയിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. തമിഴ്നാട്ടിലെ വിവിധ യൂട്യൂബ് ചാനലുകളിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകൾക്കെതിരായി റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനുവും ഓഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
എട്ടര വർഷത്തോളം എആർ റഹ്മാന്റെ മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു മോഹിനി ഡേ. റഹ്മാന്റെ വിവാഹമോചന വാർത്തക്ക് തൊട്ട് പിന്നാലെ തന്നെയാണ് മോഹിനിയുടെ വിവാഹമോചന വാർത്തയും പുറത്തുവന്നിരുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അടുപ്പമാണ് റഹ്മാന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന രീതിയിൽ ഗോസിപ്പുകൾ ഉടലെടുക്കുകയായിരുന്നു.
എന്നാൽ വിവാദങ്ങൾ അടിസ്ഥാനരഹിതം ആണെന്നും റഹ്മാന്റെ മകളുടെ പ്രായം മാത്രമേ തനിക്കുള്ളൂ എന്നും മോഹിനി വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി. അഞ്ച് വർഷം മുൻപ് താൻ അമേരിക്കയിലേക്ക് മാറി. റഹ്മാനോട് ഏറെ സ്നേഹവും ആദരവും ഉണ്ട്. ജീവിതത്തിൽ സ്വാധീനിച്ച പലരിൽ ഒരാളാണ് എആർ റഹ്മാൻ. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയും സാഹചര്യവും മാനിക്കണമെന്നും മോഹിനി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.
Discussion about this post