മോസ്‌കോ : ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ ഇറാനിലെ പ്രതിഷേധങ്ങൾക്ക് നൽകുന്ന പിന്തുണയെ രൂക്ഷമായി വിമർശിച്ച് റഷ്യ. ഇറാനെതിരായ യുഎസ് ആക്രമണ ഭീഷണികളോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇറാനെതിരെ ആക്രമണം നടത്തിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും റഷ്യ യുഎസിന് മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിനാശകരമായ ഇടപെടൽ ആണ് ഇപ്പോൾ യുഎസ് നടത്തുന്നത്. ബാഹ്യ ശക്തികളുടെ പ്രേരണയാൽ നടക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ ഇറാനിൽ സംഭവിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിനും ആഗോള സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരായ സർക്കാർ നടപടികളിൽ ഇതുവരെ 2500ലധികം പേർ കൊല്ലപ്പെട്ടു. ഇറാനിലെ പ്രതിഷേധക്കാർക്ക് ഇസ്രായേലും യുഎസും നിരന്തരമായി പിന്തുണ വ്യക്തമാക്കുന്നുണ്ട്. ഇറാനിലെ പ്രതിഷേധക്കാരോട് പ്രതിഷേധങ്ങൾ ശക്തമായി തുടരാനും സഹായം ഉടൻ എത്തുമെന്നും ഇന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.









Discussion about this post