പാകിസ്താനും ചൈനയും തമ്മിലുള്ള 1963-ലെ അതിർത്തി കരാർ തള്ളിക്കളഞ്ഞ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് അധീന കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റർ ഭാരത ഭൂമി ചൈനയ്ക്ക് കൈമാറിയ ഈ നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ജനുവരി 15-ലെ കരസേനാ ദിനത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഭാരതത്തിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ഷക്‌സ്ഗാം താഴ്‌വര ചൈനയുടേതാണെന്ന അവകാശവാദവും അവിടെ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനവും അംഗീകരിക്കാനാവില്ലെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ഈ പ്രദേശം 1963-ൽ പാകിസ്താൻ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുത്തതാണ്. ഈ കരാർ ഭാരതം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെങ്കിലും ജാഗ്രത തുടരണമെന്ന് കരസേനാ മേധാവി പറഞ്ഞു. പട്രോളിംഗ് പുനരാരംഭിച്ചു: 2024-ൽ ഡെംചോക്കിലും ദെപ്‌സാംഗിലും പട്രോളിംഗ് പുനരാരംഭിച്ചത് നിർണ്ണായക ചുവടുവെപ്പാണ്. ഇരുവശത്തും വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ സേനകളുടെ വിന്യാസം സുസജ്ജമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി ഭാരതത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആവർത്തിച്ചു. “ഭാരതത്തിന്റെ മണ്ണിലൂടെ കടന്നുപോകുന്ന സിപിഇസി ഒരിക്കലും അംഗീകരിക്കാനാവില്ല. രണ്ട് രാജ്യങ്ങളും ചേർന്ന് നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനമാണിതെന്നും” അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന മോദി സർക്കാരിന്റെ ഉറച്ച നയമാണ് കരസേനാ മേധാവിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ശത്രുക്കളുടെ ഏത് പ്രകോപനത്തിനും കൃത്യമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം സന്നദ്ധമാണെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തുവരുന്നത്.













Discussion about this post