ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) ആവർത്തിച്ചുള്ള സംശയങ്ങൾ അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കി സുപ്രീം കോടതി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ജയിക്കുമ്പോൾ സംവിധാനത്തെ സൗകര്യപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവണതയെ സുപ്രീം കോടതി തള്ളിക്കളഞ്ഞു.
“നിങ്ങൾ തോൽക്കുമ്പോൾ, ഇവിഎമ്മുകൾ തകരാറിലാണ്. നിങ്ങൾ വിജയിക്കുമ്പോൾ, ഇവിഎമ്മുകൾ ശരിയാണ്. ഇത് അനുവദിക്കാനാകില്ല. വോട്ടിങ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ വിക്രം നാഥിൻ്റെയും പിബി വരാലെയുടെയും ബെഞ്ച് അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻ്റെ മുൻഗാമിയായ ജഗൻ മോഹൻ റെഡ്ഡിയും ഇവിഎമ്മുകളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനകൾ ഹർജിക്കാരനായ കെഎ പോൾ പപരാമർശിച്ചു. എന്നാൽ തോൽവിക്ക് ശേഷം ഇവിഎമ്മുകളെ ചോദ്യം ചെയ്ത നേതാക്കൾ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൗനം പാലിച്ച സംഭവങ്ങൾ ബെഞ്ച് എടുത്തുപറഞ്ഞു.
ചന്ദ്രബാബു നായിഡു ഇത്തവണ വിജയിച്ചപ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാമെന്ന് പറഞ്ഞിട്ടില്ല. ഇത്തവണ ജഗൻ മോഹൻ റെഡ്ഡി തോറ്റു, ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിയല്ല, ബെഞ്ച് അഭിപ്രായപ്പെട്ടു
Discussion about this post