സ്ത്രീധന മരണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതുള്‍പ്പെടെ സ്ത്രീധന നിരോധിത നിയമം കൂടുതല്‍ കടുപ്പിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആര്‍ഭാടമായി നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്നും വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ അവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഈ നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്നതാണ് കമ്മീഷന്റെ ആവശ്യം.
മാത്രമല്ല, സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് കേസില്‍ അന്തിമ തീരുമാനമുണ്ടാകുംവരെ പുനര്‍വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താന്‍ കോളവും വേണം.
സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതിക്കും കമ്മിഷന്‍ ശുപാര്‍ശചെയ്തു. വിവാഹസമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍നിന്ന് ‘സ്ത്രീധനം’ എന്ന വാക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിര്‍ബന്ധമാക്കണം. മാത്രമല്ല സിനിമാതിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം നടത്തണമെന്നും മറ്റ് ശുപാര്‍ശകളില്‍ പറയുന്നു.
Discussion about this post