പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ രീതിയില്‍ ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് . ഇത്തരത്തില്‍ വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ല. അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.
പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാന്‍ കഴിയുന്നത് . ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബര്‍ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്.
വരാത്ത പക്ഷം ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തില്‍ നിന്ന് എണ്‍പതിനായിരം ആക്കി ഉയര്‍ത്തണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ സാഹചര്യം.
തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാല്‍ ദര്‍ശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട് ചില തീര്‍ത്ഥാടകര്‍ക്ക്. അങ്ങനെയുള്ളവര്‍ക്കാണ് വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്.
Discussion about this post