ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പൗരന്മാർ വടികളും കല്ലുകളും വടികളുമായി ഇസ്ലാമാബാദിലെ തെരുവുകളിൽ ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. പ്രക്ഷോഭത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാക് ഭരണകൂടം ഷൂട്ട്-അറ്റ്-സൈറ്റ് (”Shoot-At-Sight’) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ ‘കണ്ടാൽ ഉടൻ വെടിവച്ച്’ വീഴ്ത്തണമെന്നാണ് നിർദേശം.
ഇമ്രാന് ഖാനെ എതിര്ക്കുന്ന പാര്ട്ടികള് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്ന്ന് ഈ വര്ഷം ഫെബ്രുവരിയില് പാകിസ്താനിൽ നടന്ന തെരഞ്ഞെടുപ്പില് കൃത്രിമം നടന്നതായി ആരോപണം ഉയര്ന്നിരുന്നു. ഇമ്രാന് ഖാനെ മോചിപ്പിക്കുക, തിരഞ്ഞെടുപ്പ് ഫലത്തില് കൃത്രിമം നടത്തിയെന്ന ആരോപണം റദ്ദാക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് പ്രധിഷേധക്കാർ മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇമ്രാൻ ഖാനെ ജയിലിൽ അടച്ചതിന് ശേഷം ഇസ്ലാമാബാദിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്ലാമാബാദിലേക്ക് എത്തിയ പിടിഐ നേതാക്കൾ, ഇമ്രാൻഖാൻ ജയിൽ മോചിതനാകുന്നതുവരെ നഗരത്തിൽ തന്നെ തുടരുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.
ഇതൊരു സമാധാനപരമായ പ്രതിഷേധമല്ലെന്നും തീവ്രവാദമാണ് നടക്കുന്നതെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിമർശിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമല്ല കൊല്ലപ്പെട്ടതെന്നും രണ്ട് പ്രതിഷേധക്കാരുടെ ജീവൻ നഷ്ടമായെന്നുമാണ് പിടിഐ വക്താവ് സുൽഫിക്കർ ബുഖാരിയുടെ അവകാശവാദം.
Discussion about this post