പറമ്പിക്കുളം: 30 വർഷത്തിലേറെയായി കേരളത്തിലും തമിഴ്നാട്ടിലുമായി ചന്ദനക്കടത്തും വിൽപ്പനയും നടത്തിയിരുന്ന അന്തർ സംസ്ഥാന മാഫിയ തലവൻ പിടിയില്‍. മണ്ണാർക്കാട് സലീം ആണ് പിടിയിലായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍.
കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും സലിം ചന്ദനങ്ങൾ വിൽപ്പന നടത്തിയിരുന്നത്. ചന്ദന മരക്കഷ്ണങ്ങൾ കടത്താൻ ശ്രമിച്ച മുനിസ്വാമി എന്നയാളെ കഴിഞ്ഞ മാസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സലീമിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സലീമിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മുനിസ്വാമിയെ പിടികൂടിയ ദിവസം സലീം ചന്ദനം വാങ്ങാൻ ചെക്കാണാംപതി ഭാഗത്തേക്ക് പോയിരുന്നതായും ഏറെ കാത്തിരുന്നിട്ടും മുനിസ്വാമി വരാത്തതിനെത്തുടർന്ന് മണ്ണാർക്കാട്ടേക്ക് തിരിച്ച് പോവുകയായിരുന്നു എന്നും അറിഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്നാണ് മുനിസ്വാമി ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്. ഇതേ കാലയളവിൽ 50 കിലോയോളം ചന്ദനമുട്ടികൾ സലീം മുനിസ്വാമിയിൽ നിന്ന് വാങ്ങിയിരുന്നു. മുനിസ്വാമിയെപോലുള്ള ഏജന്റുമാരിൽ നിന്ന് ഒരു കിലോ ചന്ദനത്തിന് 3000 രൂപ മുതൽ 3500 രൂപ വരെ നൽകിയാണ് സലീം വാങ്ങിയിരുന്നത്. കാട്ടിൽ നിന്നും മരം വെട്ടുന്നതിന് 1500 മുതൽ 2000 രൂപ വരെയാണ് സലീം നൽകിയിരുന്നത്.
പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത് ഐഎഫ്എസി നിർദ്ദേശപ്രകാരം, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി അജയന്റെ നേതൃത്വത്തിലാണ് സലീമിനെ അറസ്റ്റ് ചെയ്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം കൃഷ്ണകുമാർ, ജി സാബു, പി.സുരേഷ് എന്നിവരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടിഎസ് സുനീഷ്, സി അഖിൽ, എസ് നാസർ, കെ അനിൽ എന്നിവരും ആന്റി പോച്ചിംഗ് വാച്ചര്‍മാരായ സന്തോഷ് സി, പ്രഭു വി, എം രഘു, എം ബിജു, സുകേഷ് വി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.












