ലഖ്‌നൗ : സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്ക് വധുവിനെ കിട്ടുന്നില്ല എന്ന പരാതി കേരളത്തിൽ വ്യാപകമാണ്. എന്നാൽ പെൺകുട്ടികളുടെ ഈ സർക്കാർ ജോലി ഡിമാൻഡ് കേരളത്തിൽ മാത്രമുള്ളതല്ല ഇനി തെളിയിക്കുകയാണ് ഇന്ന് ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ കല്യാണപ്പന്തലിൽ വച്ചാണ് വധു വരന്റെ ജോലി സർക്കാർ ജോലിയല്ല എന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിവാഹം തന്നെ വേണ്ട എന്ന് വെച്ച് വധു ഇറങ്ങിപ്പോയി.
ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായ യുവാവിനാണ് ദുരനുഭവം ഉണ്ടായത്. പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ ശമ്പളം ഉള്ള ആളാണ് ഈ യുവാവ്. വിവാഹാലോചന നടത്തിയപ്പോൾ സർക്കാർ ജോലി ആണെന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ സ്വകാര്യ കമ്പനിയിലാണ് ജോലി എന്ന് തിരിച്ചറിഞ്ഞത് കല്യാണ ചടങ്ങുകൾക്കിടെ ആണ്. ഇതോടെ താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി യുവതി പ്രഖ്യാപിക്കുകയായിരുന്നു.
ഛത്തീസ്ഗഡിലെ ബൽറാംപൂർ സ്വദേശിയായ യുവാവിന് ഉയർന്ന ശമ്പളം ഉള്ള ജോലിയും നാട്ടിൽ നിരവധി ഭൂസ്വത്തുകളും ഉണ്ടെന്ന് അറിഞ്ഞിട്ടും യുവതി വിവാഹത്തിന് തയ്യാറായില്ല. സർക്കാർ ജോലി ഉള്ള ആളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന വാശിയിലാണ് യുവതി വിവാഹം വേണ്ടെന്നുവച്ചത്. യുവതിയെ അനുനയിപ്പിക്കാനായി ശ്രമിച്ച വീട്ടുകാർ വരന്റെ സാലറി സ്ലിപ്പ് വരെ കാണിച്ചിട്ടും യുവതി തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഒടുവിൽ ഇരു വീട്ടുകാരും കൂടി ചേർന്ന് വിവാഹം റദ്ദാക്കാനും ചടങ്ങുകൾക്ക് ചിലവായ തുക വരന്റെ വീട്ടുകാർക്ക് നൽകാനും തീരുമാനിക്കുകയായിരുന്നു.
Discussion about this post