എറണാകുളം : ഷവർമ വിൽക്കുന്ന എല്ലാ ഭക്ഷണശാലകളിലും കർശന പരിശോധനകൾ കൃത്യമായി നടത്തണമെന്ന് ഹൈക്കോടതി. 2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൃത്യമായ ഇടവേളകളിൽ പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേൽനോട്ടവും ഉണ്ടായിരിക്കണം എന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2022ൽ ‘ഷവർമ’ കഴിച്ച് ജീവൻ നഷ്ടപ്പെട്ട 16 വയസ്സുകാരിയുടെ അമ്മ നൽകിയ റിട്ട് ഹർജി തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ വിൽപന നടത്തുന്ന ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് കേസിൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഷവർമ വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും തയ്യാറാക്കുന്ന തീയതിയും സമയവും അതിൻ്റെ പാക്കേജിംഗിൽ പ്രദർശിപ്പിക്കണമെന്ന ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചു. കൂടാതെ ഹർജി സമർപ്പിച്ച മരിച്ച കുട്ടിയുടെ അമ്മയ്ക്ക് കുട്ടിയുടെ മരണത്തിലെ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകാനും കോടതി വ്യവഹാരച്ചെലവായി 25,000 രൂപ സംസ്ഥാന സർക്കാർ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
Discussion about this post