എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സംശയങ്ങളെ തുടർന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഉച്ചയോടു കൂടി ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഐടി വകുപ്പിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് കമ്പനി സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
സൗബിൻ ഷാഹിറിന്റെ പേരിൽ നികുതി വെട്ടിപ്പ് അടക്കമുള്ള പരാതികൾ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളതായാണ് വിവരം. നേരത്തെ സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള കേസിൽ ഇഡി സൗബിൻ ഷാഹിറിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുന്നത്.
Discussion about this post