മെൽബൺ : 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പുതിയ നിയമം നടപ്പിലാക്കി ഓസ്ട്രേലിയ. ഇതുമായി ബന്ധപ്പെട്ട ബില്‍ ഓസ്ട്രേലിയൻ ജനപ്രതിനിധിസഭ പാസാക്കി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, ടിക്ടോക്, സ്നാപ്ചാറ്റ്, റെഡ്‌ഡിറ്റ് തുടങ്ങിയ എല്ലാ സമൂഹമാദ്ധ്യമ ആപ്ലിക്കേഷനുകൾക്കും നിരോധനം ബാധകമാണ്.
നിയമലംഘനം നടത്തിയാൽ 50 മില്യൺ ഓസ്ട്രേലിയൻ ഡോളർ ആയിരിക്കും പിഴ. ആഗോളതലത്തിൽ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിൽ ഒരു നിയമം പാസാക്കുന്നത്. ജനപ്രതിനിധി സഭയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പൂർണ്ണപിന്തുണയോടെയാണ് ഓസ്ട്രേലിയ ഈ നിയമം പാസാക്കിയിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. സഭയിലെ 102 പേരിൽ 13 പേർ മാത്രമാണ് ബില്ലിനെ എതിർത്തത്.
പുതിയ നിയമത്തെക്കുറിച്ച് എല്ലാ സമൂഹമാദ്ധ്യമങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും ഓസ്ട്രേലിയ വ്യക്തമാക്കി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും ഇനി അക്കൗണ്ടുകൾ തുടങ്ങാനായി സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ അനുമതി നൽകരുതെന്നും ഓസ്ട്രേലിയ ആവശ്യപ്പെടുന്നു. മെറ്റയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രായ നിയന്ത്രണങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു വർഷത്തെ സമയം അനുവദിക്കുമെന്നും ഓസ്ട്രേലിയൻ ഭരണകൂടം അറിയിച്ചു.
Discussion about this post