ന്യൂഡൽഹി : രാജ്യത്ത് മാംസം, പാൽ, മുട്ട എന്നിവ ഉല്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി രാജ്യത്ത് പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ആകെയുള്ള പാൽ ഉൽപാദനത്തിന്റെ 24 ശതമാനവും ഇന്ത്യയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത് എന്നുള്ളതും രാജ്യത്തിന്റെ ശ്രദ്ധേയ നേട്ടമാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മാംസം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാൾ ആണ്. യുപി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവയാണ് തൊട്ടുപുറകിലുള്ള സംസ്ഥാനങ്ങൾ. മാംസ ഉല്‍പാദനത്തിന്‍റെ ഏകദേശം 50% കോഴിയിറച്ചിയില്‍ നിന്നും 18% എരുമയില്‍ നിന്നും 15% ആടില്‍ നിന്നും 11% ചെമ്മരിയാടില്‍ നിന്നും 4% പന്നിയില്‍ നിന്നും 2% മറ്റു കന്നുകാലികളില്‍ നിന്നും ആണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മാംസ ഉല്‍പാദനം ഏകദേശം 5% വര്‍ധിച്ച് 10 ദശലക്ഷം ടണ്ണില്‍ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാൽ ഉൽപാദനത്തിലും 4 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുട്ട ഉൽപാദനത്തിൽ മൂന്ന് ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ മുട്ട ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.
2023-24 കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം യുപിയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൊത്തം പാല്‍ ഉല്‍പാദനത്തിന്‍റെ 54 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഉള്ളത്. തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ.
Discussion about this post