തൃശ്ശൂർ:പ്രായമായ സ്ത്രീകളെ കേന്ദ്രീകരിച്ച് ഗുരുവായൂരിൽ മോഷണം നടത്തി വന്ന മലപ്പുറം സ്വദേശി പിടിയിൽ. ഗുരുവായൂർ റെയില്‍വെ സ്‌റ്റേഷനിലും വീടുകളിലും നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസാണ് അറസ്റ്റ് ചെയ്തത് . മലപ്പുറം താനൂര്‍ സ്വദേശി പ്രദീപാണ് പിടിയിലായത്.
ഇയാൾ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുരുവായൂരിലെ പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയിരിന്നു. പുലർകാലത്തും, പ്രായമായ സ്ത്രീകളെയും കേന്ദ്രീകരിച്ചു മാലപൊട്ടിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് രാമനാട്ടുകരയിലെ ഒളിസങ്കേതത്തില്‍നിന്നാണ് പ്രദീപിനെ പിടികൂടിയത്.
പ്രതി മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വില്‍പ്പന നടത്തുന്നത് . അതെ സമയം മോഷണ മുതല്‍ വില്‍പ്പന നടത്താന്‍ പ്രതിയെ സഹായിച്ച് ഒളിവില്‍പോയ ആളെകുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രദീപിനെതിരെ മലപ്പുറം, കോഴിക്കോട്, കസബ, പരപ്പനങ്ങാടി ഫറോക്ക്, നല്ലളം തുടങ്ങി കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിലായി 20 ഓളം കേസുകളുണ്ടെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സി.ഐ ജി. അജയകുമാര്‍ പറഞ്ഞു. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post