റൂബൻ അമോറിം പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്പ ലീഗിൽ നോർവേ ക്ലബ് ബോഡോ ഗ്ലിമ്റ്റിനെ 3-2നാണ് ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കീഴടക്കിയത്. ആദ്യ മിനിറ്റിൽ തന്നെ അലജാന്ദ്രോ ഗർണാച്ചോ റെഡ് ഡെവിൾസിനെ മുന്നിൽ എത്തിച്ചു. മികച്ചൊരു ഫിനിഷ് വഴിയായിരുന്നു ഗർണാച്ചോയുടെ ഗോൾ.
എന്നാൽ, 25 മിനിറ്റിനകം രണ്ട് ഗോളുകൾ മടക്കി ബോഡോ ഗ്ലിമ്റ്റ് അമോറിമിന്റെ ടീമിനെ ഞെട്ടിച്ചു. എവിജെൻ, സിങ്കർനെഗൽ എന്നിവരാണ് യുണൈറ്റഡിന്റെ വലയിൽ പന്തെത്തിച്ചത്. മത്സരത്തിലേക്ക് തിരിച്ചുവരാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയ യുണൈറ്റഡിന്റെ രക്ഷകനായി ഒടുവിൽ സ്ട്രൈക്കർ ഹൊയ്ലൻഡ് അവതരിക്കുകയായിരുന്നു.
2-1ന് പിന്നിൽ നിൽക്കെ 45, 50 മിനിറ്റുകളിൽ ടീമിനായി സ്‌കോർ ചെയ്ത് റാസ്മുസ് ഹൊയ്ലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. യൂറോപ്പ ലീഗിലെ ഈ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കുന്നത്.
യൂറോപ്പ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ സമ്പാദ്യം. ലീഗിൽ ആദ്യ 8 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് റൗണ്ട് ഓഫ് 16ലേക്ക് കടക്കും.
നോർവേ ക്ലബ്ബിനെതിരായ യൂറോപ്പ ലീഗിലെ വിജയം പുതിയ പരിശീലകൻ റൂബൻ അമോറിമിന് ആശ്വാസമായി. പോർച്ചുഗലുകാരനായ അമോറിമിന്റെ ആദ്യ പരീക്ഷണം പ്രീമിയർ ലീഗിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഇസ്പ്വിച്ച് ടൗണിനെതിരായ യുണൈറ്റഡിന്റെ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.
Discussion about this post