തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചതായി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. എന്നാൽ നാളെയും മറ്റന്നാളും കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
തൃശൂർ മലപ്പുറം ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മറ്റന്നാൾ, അതായത് ഡിസംബർ ഒന്നാം തിയതി എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ കേരള തീരത്ത് ശനിയാഴ്ച വരെയും കേരള തീരത്ത് ഞായർ തിങ്കൾ ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്രന്യൂനമർദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്.
Discussion about this post