കോതമംഗലം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി. കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ മൂന്ന് സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ ഉടൻ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു. നിലവിൽ മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസമാണ് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകള്‍ വനത്തിലേക്ക് പോയത്. എന്നാല്‍, ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയുമായിരുന്നു. എന്നാൽ ഇവർ അന്വേഷിച്ചു പോയ പശു അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയിരുന്നു.
കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മാളികക്കുടി മായ ജയന്‍, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്.
Discussion about this post