ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായി സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ 17 പോപ്പുലർ ഫ്രണ്ടുകാർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ലഭിച്ച ഹർജിയിൽ ആണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിൽ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണം. ഇത് ചെയ്യാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയത് എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി കോടതി അടുത്ത മാസം പരിഗണിക്കും.
ഇക്കഴിഞ്ഞ ജൂണിലാണ് ഹൈക്കോടതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം നൽകിയത്. പ്രതികൾക്കെതിരെ അനുകൂല നിലപാട് സ്വീകരിക്കരുത് എന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ട് ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ, സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോൻ, സൈനുദ്ദീൻ, സി.ടി സുലൈമാൻ, രാഗം അലി ഫയാസ്, അക്ബർ അലി, നിഷാദ്, റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യ ഹർജിയാണ് കോടതി ഇനി പരിഗണിക്കുക.
Discussion about this post