വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് പ്രസിഡന്റയി അധികാരമേൽക്കുന്നതിന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് സർവകലാശാലകൾ. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം.
വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങളിൽ ട്രംപ് സർക്കാർ വീണ്ടും മാറ്റം വരുത്താൻ പോവുകയാണോ? ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കുന്നത് ബുദ്ധിമുട്ടാകുമോ എന്നുള്ള വിവരങ്ങൾ അധികാരത്തിൽ ഏറിയതിന് ശേഷമേ അറിയാൻ സാധിക്കൂ എന്നാണ് റിപ്പോർട്ട്.
ജനുവരി 20 നാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജനുവരിയിൽ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ട്രംപിന്റെ ആദ്യ ടേമിലെ പോലെ യാത്രാ നിയന്ത്രണങ്ങളും വിസ പ്രശ്‌നങ്ങളും നയങ്ങളിൽ മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ .
ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം അമേരിക്കയാണ്. 2023-2024 കാലയളവിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തി. ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് അനുസരിച്ച്, 331,602 ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കുന്നുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post