ന്യൂഡൽഹി : പാമ്പ് കടിയേൽക്കുന്ന കേസുകൾ നോട്ടബിൾ ഡിസീസ് എന്ന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി കേന്ദ്രം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിനനുബന്ധിച്ചുള്ള നിർദേശം പുറപ്പെടുവിപ്പിച്ച് കത്ത് നൽകി കേന്ദ്രം . പാമ്പ് കടി പൊതുജനാരോഗ്യ പ്രശ്‌നമാണ്. പാമ്പ് കടിയേൽക്കുന്നത് മരണത്തിലേക്ക് തന്നെ നയിച്ചേക്കാം. ചിലപ്പോൾ വൈകല്യത്തിനും കാരണമായേക്കാം എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്ത കത്തിൽ പറയുന്നു.
പാമ്പ് കടിയേറ്റ മരണങ്ങളും കേസുകളും എല്ലാ സർക്കാർ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പാമ്പുകടിയേറ്റ കേസുകളുടെ ശരാശരി വാർഷിക ആവൃത്തി ഏകദേശം 3 ലക്ഷമാണ്. കൂടാതെ പാമ്പുകടിയേറ്റാൽ ഏകദേശം 2,000 മരണങ്ങൾ സംഭവിക്കുന്നു. 2030 ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്നതാണ് കർമ പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിൽ പാമ്പുകടിയേറ്റ കേസുകളുടെയും മരണങ്ങളുടെയും നിരീക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിക്ക് കീഴിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പാമ്പുകടി കൈകാര്യം ചെയ്യൽ ,നിയന്ത്രണം , പ്രതിരോധം, ഉത്തരവാദിത്തങ്ങൾ എന്നിവയും പദ്ധതിയിൽ പറയുന്നുണ്ട്.
Discussion about this post