ന്യൂഡൽഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച് സുപ്രീം കോടതി. 1994 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച് ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ സ്വദേശിയായ റസിക് ചന്ദ്ര മൊണ്ടൽ ആണ് സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയിരിക്കുന്നത്.
1988ലെ ഒരു കേസിൽ ആണ് റസിക് ചന്ദ്ര മൊണ്ടൽ ജയിലിലായത്. 1994-ൽ വിചാരണക്കോടതി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച പ്രതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 2018ൽ കൊൽക്കത്ത ഹൈക്കോടതി ഇദ്ദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും കൂടി ചെയ്തതോടെ ഇയാൾ വർഷങ്ങളായി ജയിലിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
പ്രതിയുടെ നിലവിലെ ശാരീരിക അവസ്ഥയും രോഗങ്ങളും പ്രായവും പരിഗണിച്ചാണ് ഇടക്കാലമോചനം അനുവദിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാർദ്ധക്യസഹജമായ വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ് പ്രതി. ഇടക്കാല മോചനം ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ച് ആണ് ഉത്തരവിട്ടത്.
Discussion about this post