ഇടുക്കി : സംസ്ഥാനത്തെ വനം വകുപ്പിന്റെ രണ്ട് റേഞ്ചുകൾ തമ്മിലുള്ള തർക്കം മൂലം ഒരു കേഴമാന് ദാരുണാന്ത്യം. വണ്ടിയിടിച്ച് മണിക്കൂറുകളോളം റോഡിൽ കിടന്നിട്ടും വനം വകുപ്പ് കാണിച്ച അനാസ്ഥയാണ് കേഴമാനിന്റെ ജീവനെടുത്തത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്.
കേഴമാനിനെ വണ്ടി ഇടിച്ച കാര്യം നാട്ടുകാർ ഉടൻതന്നെ വനം വകുപ്പിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ ആണ് നാട്ടുകാർ വിവരമറിയിച്ചത്. എന്നാൽ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു ഈ ഓഫീസിൽ നിന്നും ലഭിച്ച മറുപടി. ഒടുവിൽ നാട്ടുകാരിൽ ചിലർ തന്നെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അപകടത്തിനുശേഷം രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പിന്നീട് വനം വകുപ്പിന്റെ വാഹനത്തിൽ തേക്കടിയിലെ ആശുപത്രിയിലേക്ക് മാനിനെ കൊണ്ടുപോയി. എന്നാൽ യാത്രയ്ക്കിടെ വാഹനത്തിൽ വെച്ച് മാൻ ചാവുകയായിരുന്നു. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Discussion about this post