ആലപ്പുഴ : ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ച രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കി. ഈ സ്കാനിങ് സെന്ററുകളിൽ നിരവധി നിയമലംഘനങ്ങൾ കൂടി കണ്ടെത്തിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംഭവത്തിൽ വീഴ്ച പറ്റിയ രണ്ട് സ്കാനിങ് സെന്‍ററുകളും ആരോഗ്യ വകുപ്പ് പൂട്ടി സീല്‍ ചെയ്‌തു. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്‌തത്. സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സ്കാനിങ് റെക്കോഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്ന നിയമവും രണ്ട് സ്കാനിങ് സെന്ററുകളും ലംഘിച്ചു എന്നും ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് വിവിധ വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചത്. ഗർഭാവസ്ഥയിൽ നടത്തിയ സ്‌കാനിങ്ങുകളില്‍ നവജാത ശിശുവിന്‍റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്‌ടര്‍മാര്‍ പരാജയപ്പെട്ടുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് ഡോക്‌ടര്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Discussion about this post