കാലാവസ്ഥ വ്യതിയാനം മൂലം കടലില്‍ മത്തി പെരുകുകയാണെങ്കിലും മത്സ്യത്തൊഴിലാളികളുടെ സ്ഥിതിക്ക് മെച്ചമില്ല. കടലില്‍ മത്തിചാകരയാണെങ്കിലും ചെറുമത്തിയാണ് ലഭിക്കുന്നത്. ഇതിനാല്‍ മത്തിക്ക് വിലയുമില്ല. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള ആയിരത്തിലധികം തൊഴിലാളികള്‍ ചെല്ലാനം ഹാര്‍ബറില്‍ നിന്നും ഇരുനൂറ്റിയന്‍പതോളം വള്ളങ്ങളാണ് മത്സ്യം പിടിക്കുന്നതിനായി പോകുന്നത്.
ഒരു വള്ളത്തിന് 2 ടണ്‍ വരെ മത്സ്യം ലഭിക്കുന്നു. 90 ശതമാനവും മത്തിയാണ് വലയില്‍ കുരുങ്ങുന്നത്. എന്നാല്‍ കിട്ടുന്നതു ചെറുമത്തിയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് നിത്യവൃത്തിക്കുള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. ഹാര്‍ബറില്‍ എത്തുമ്പോള്‍ മത്തിക്ക് കിലോയ്ക്ക് 20 രൂപപോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
എന്നാല്‍ പൊതു മാര്‍ക്കറ്റുകളിലും മീന്‍ തട്ടുകളിലും 50 മുതല്‍ 80 രൂപവരെ വിലയ്ക്കാണ് ഇന്നലെ വിറ്റത്. മൂന്ന് മാസം മുന്‍പ് മത്തിക്ക് 400 രൂപവരെ വില ലഭിച്ചിരുന്നു. ചെറുമത്തി ആയതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ വില്‍പന നടത്തുന്നവര്‍ പേരിനു മാത്രമാണ് ഹാര്‍ബറില്‍ നിന്നും മത്തിയെടുക്കുന്നത്. മത്തികള്‍ ഉണക്കി പൊടിച്ച് വളമാക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ഹാര്‍ബറിലെത്തി മത്തി മൊത്തമായി കൊണ്ടുപോകുകയാണ്. നാട്ടിലെ പല മത്സ്യ വില്‍പന തട്ടുകളിലും മറ്റു മത്സ്യങ്ങള്‍ക്കൊപ്പം മത്തി ഫ്രീയായി നല്‍കുകയാണ്.
Discussion about this post