അബുദാബി : ഭാഗ്യം വന്ന് മുട്ടി വിളിച്ചിട്ടും അറിയാത്ത ഒരു യുവതിയെ തേടുകയാണ് യുഎഇയിലെ ബിഗ് ടിക്കറ്റ്. യുഎഇയിലെ പ്രമുഖ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ നറുക്കെടുപ്പിലെ ഭാഗ്യശാലിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ദിവസേനയുള്ള ഇ-നറുക്കെടുപ്പില്‍ സ്വര്‍ണക്കട്ടി സമ്മാനമായി നേടിയ ഏഴ് പേരില്‍ ഒരാളെ ആണ് ഇനിയും കണ്ടു കിട്ടിയിട്ടില്ലാത്തത്. സ്വദേശിയായ യുവതിയാണ് സ്വർണ്ണക്കട്ടി സമ്മാനമായി നേടിയത്. ഈ യുവതിക്കായുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ബിഗ് ടിക്കറ്റ് അധികൃതർ.
ബുദൂര്‍ അല്‍ കാല്‍ദി എന്ന എമിറാത്തി യുവതിയെ ആണ് ബിഗ് ടിക്കറ്റ് അധികൃതർ അന്വേഷിക്കുന്നത്. സമ്മാന വിവരം അറിയിക്കാന്‍ പല തവണ ഫോണിലും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും ഇവര്‍ പ്രതികരിച്ചിട്ടില്ല. നവംബര്‍ 22നാണ് ഇവർ സമ്മാനാര്‍ഹമായ 269-396502 നമ്പരിലുള്ള ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്.
ആകെ 7 പേർക്കാണ് 250 ഗ്രാം വീതമുള്ള സ്വർണ്ണ കട്ടികൾ സമ്മാനമായി ലഭിച്ചത്. സ്വദേശി യുവതി ഒഴികെ സമ്മാനാർഹരായ മറ്റ് ആറുപേരും ഇന്ത്യക്കാരാണ്. ഇവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നുണ്ട്. 79,000 ദിര്‍ഹം വിലമതിക്കുന്ന സ്വർണമാണ് ഇവർക്ക് സമ്മാനമായി ലഭിക്കുന്നത്.
Discussion about this post