ഇസ്ലാമാബാദ്; അടുത്തവർഷം ആദ്യം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഒടുവിൽ സമ്മതം മൂളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ദുബായിൽ അടക്കം പോയി പിസിബി പ്രസിഡന്റ് ചർച്ചകൾ നടത്തിയെങ്കിലും ചരടുവലികളിൽ ഫലം കണ്ടെത്താനാകാതെ വന്നതോടെയാണ് ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ പാകിസ്താൻ മുട്ട് മടക്കിയത്. പങ്കെടുക്കുന്ന എല്ലാവർക്കും സുരക്ഷ നൽകുമെന്ന് പിസിബി വാദിച്ചെങ്കിലും ഐസിസി,ബിസിസിഐയുടെ നിലപാടിനൊപ്പം നിൽക്കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്താനെ അയക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിച്ചതിനാൽ ഗ്രൂപ്പ് ഘട്ടങ്ങൾ, സെമി ഫൈനൽ, ഫൈനൽ (യോഗ്യത നേടിയാൽ) ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉൾപ്പെടുന്ന എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുവാൻ പാകിസ്താൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഗ്രൂപ്പ് ഘട്ടങ്ങൾക്കപ്പുറത്തേക്ക് മുന്നേറുന്നതിൽ ഇന്ത്യ പരാജയപ്പെട്ടാൽ, ലാഹോറിൽ സെമിഫൈനലും ഫൈനലും ആതിഥേയത്വം വഹിക്കുമെന്നുള്ള നിബന്ധനയാണ് പാകിസ്താൻ മുന്നോട്ടുവച്ചത്.
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. 2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കൊപ്പവും 2031 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാംപ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിച്ചിട്ടില്ല
Discussion about this post